കോവിഡ് 19 രണ്ട് വർഷത്തിനുള്ളിൽ നിയന്ത്രണ വിധേയമാകുമെന്ന് ലോകാരോഗ്യ സംഘടന

വാഷിങ്ടൺ: കോവിഡ് 19 നിയന്ത്രണ വിധേയമാക്കാൻ രണ്ട് വർഷത്തിനുള്ളിൽ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ലോകാരോഗ്യ സംഘടന. നൂറ്റാണ്ടിനിടയിലെ ആരോഗ്യ പ്രതിസന്ധി എന്നാണ് കോവിഡ് 19നെ ലോകാരോഗ്യ സംഘടന വിശേഷിപ്പിച്ചത്.

സ്പാനിഷ് ഫ്‌ലൂവിനേക്കാൾ വേഗത്തിൽ കോവിഡ് ഭൂമുഖത്തുനിന്ന് ഇല്ലാതാകുമെന്ന് ലോകാരോഗ്യസംഘടന മേധാവി ടെഡ്രോസ് അദനോം പറഞ്ഞു. ലോകത്താകമാനം കോവിഡ് ബാധിച്ച് എട്ട് ലക്ഷത്തിലേറെ പേർ ഇതുവരെ മരിച്ചു. 2019 ഡിസംബറിലാണ് ലോകത്ത് ആദ്യ കോവിഡ് പോസിറ്റീവ് കേസ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്.

നൂറ്റാണ്ടിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന ആരോഗ്യ പ്രതിസന്ധിയാണ് കോവിഡ് 19. സ്പാനിഷ് ഫ്‌ലൂ പടർന്നതിനേക്കാൾ അതിവേഗത്തിൽ കോവിഡ് ലോകമെമ്പാടും പടർന്നു പിടിക്കാൻ കാരണം ഇത് ഗ്ലോബലൈസേഷന്റെ കാലമായതിനാലാണ്. എന്നാൽ, സ്പാനിഷ് ഫ്‌ലൂവിനേക്കാൾ വേഗത്തിൽ കോവിഡിനെ പിടിച്ചുകെട്ടാൻ സാധിക്കുമെന്ന് ലോകാരോഗ്യസംഘടന പ്രതീക്ഷ പ്രകടിപ്പിച്ചു.