യുഎസ് ഓപ്പണ്‍ കീരീടം ഡാമിനിക് തീം സ്വന്തമാക്കി

ന്യൂയോര്‍ക്ക്: ഒടുവില്‍ യുഎസ് ഓപ്പണ്‍ പുരുഷ വിഭാഗത്തില്‍ കിരീടത്തിന് പുതിയ അവകാശിയെത്തി. ഫൈനല്‍ പോരാട്ടത്തില്‍ ടൈബ്രേക്കറിലൂടെ കിരീടം സ്വന്തമാക്കി ഓസ്ട്രിയന്‍ താരം ഡൊമിനിക് തീം. ഡൊമിനിക് തീമിന്റെ ആദ്യ ഗ്രാന്റ്സ്ലാം കിരീടമാണ്.

മത്സരം അഞ്ച് സെറ്റ് നീണ്ടുനിന്നിരുന്നു. ജര്‍മനിയുടെ അലക്‌സാണ്ടര്‍ സവറേവിനോട് ആദ്യ രണ്ട് സെറ്റ് പരാജയപ്പെട്ട ശേഷമാണ് ഡൊമിനിക് തീം ഗംഭീര തിരിച്ചുവരവ് നടത്തിയത്. മത്സരത്തിന്റെ സ്‌കോര്‍ 2-6, 4-6, 6-4, 6-3, 7-6 ഇങ്ങനെയാണ്

യുഎസ് ഓപ്പണില്‍ ആറു വര്‍ഷത്തിനു ശേഷമാണ് പുരുഷവിഭാഗത്തില്‍ പുതിയൊരു ഗ്രാന്റ്സ്ലാം ചാമ്പ്യനുണ്ടാവുന്നത്.ഗ്രാന്റ്സ്ലാം ടൂര്‍ണമെന്റില്‍ നാലുവര്‍ഷത്തിനിടെ ആദ്യമായി റോജര്‍ ഫെഡറര്‍, റാഫേല്‍ നഡാല്‍, നൊവാക് ജോക്കോവിച്ച് എന്നിവരല്ലാതെ പുതിയൊരു ചാമ്പ്യന്‍ ഉണ്ടായി എന്ന പ്രത്യേകത കൂടിയുണ്ട് ഇത്തവണത്തെ യുഎസ് ഓപ്പണിന്.യുഎസ് ഓപ്പണ്‍ വനിതാ വിഭാഗം കീരീടം ജപ്പാന്‍ താരം നവോമി ഒസാക്കയും സ്വന്തമാക്കി