ഭാര്യ ഗര്‍ഭിണിയാണ്. അവള്‍ക്കാണേല്‍ ഗര്‍ഭപൂതിയും, കുങ്കുമപൂവിട്ട് പാലു കുടിക്കണം. ആയിക്കോട്ടെ എന്നാല്‍ വാങ്ങിക്കളയാം എന്ന് ഞാനും, ഭാര്യക്ക് കുങ്കുമപ്പൂ തേടിപ്പോയ കഥ പങ്കുവയ്ക്കുകയാണ് ഫോട്ടോഗ്രാഫറായ ലിജിന്‍ . കടയില്‍ ചെന്ന് കുങ്കുമപ്പൂ ചോദിച്ച ലിജിന്‍ തനിക്ക് പറ്റിയ അമളിയെക്കുറിച്ചാണ് കുറിക്കുന്നത്
ലിജിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ് വായിക്കാം
#കുങ്കുമപ്പൂവ്
ഗര്‍ഭിണിയായപ്പോള്‍ എന്റെ ഭാര്യക്ക് ഒരു പൂതി. കുങ്കുമപൂവിട്ട് പാലു കുടിക്കണം.
ആയിക്കോട്ടെ എന്നാല്‍ വാങ്ങിക്കളയാം എന്ന് ഞാനും.
ഞാന്‍ ഇന്നേവരെ ഈ സാധനം കണ്ടിട്ടുമില്ല ഉപയോഗിച്ചിട്ടുമില്ല. പാലില്‍ ഇട്ടു കുടിക്കുന്ന സാധനം ആയതു കൊണ്ട് ബൂസ്റ്റ്, ഹോര്‍ലിക്സ് പോലെ ഉള്ള എന്തേലുമായിരിക്കും എന്ന കണക്കുകൂട്ടല്‍ ആണ് എനിക്ക്.
അങ്ങനെ കടയില്‍ ചെന്നു. കടയില്‍ ആണെങ്കില്‍ നല്ല തിരക്കുണ്ട്. കുങ്കുമപ്പൂവുണ്ടോ എന്ന് ചോദിച്ചു.
‘ഉണ്ട്, എത്ര വേണം’ എന്ന് കടക്കാരന്‍.
ഭാര്യക്കൊരു 9 മാസം കഴിക്കാന്‍ ഉള്ളത് വേണമല്ലോ. അതുകൊണ്ട് ഞാന്‍ പറഞ്ഞു
‘ഒരു…… ഒരു കിലോ എടുത്തോ ചേട്ടാ’.
മൂപ്പര്‍ എന്നെ ഒന്ന് നോക്കി, കൂടെ കടയില്‍ ഉള്ള ചിലരും.കടക്കാരന്‍ എന്നോട്
‘ഇങ്ങള് കുങ്കുമപ്പൂവ് തന്നെയാണോ ഉദ്ദേശിച്ചത്’ എന്നൊരു ചോദ്യം.
എനിക്കീ സാധനത്തിനെ പറ്റി ഒരു പിടിയുമില്ല എന്ന് കടക്കാരന് മനസിലാകരുതല്ലോ. അതുകൊണ്ട് ഞാന്‍ പറഞ്ഞു.
‘കുങ്കുമപ്പൂവ് തന്നെയാണ് ചേട്ടാ, ഞാനിത് സ്ഥിരം വാങ്ങുന്നതല്ലേ’
അപ്പൊ കടക്കാരന്‍ എന്നോട്,
‘കുങ്കുമപ്പൂവ് ഒരുഗ്രാം, അര ഗ്രാം ഇങ്ങനെ ഒക്കെയാണ് ഉണ്ടാവുക. ഗ്രാമിന് 300 രൂപയാണ്. ഇവിടെ ഇപ്പോള്‍ മൊത്തം ഒരു 25 ഗ്രാം ഒക്കെയേ ഉണ്ടാവുകയുള്ളൂ’.
ഞാന്‍ വെറുതെ ഒന്ന് കൂട്ടിനോക്കി. ഗ്രാമിന് 300, അപ്പോള്‍ ഞാന്‍ പറഞ്ഞ ഒരുകിലോയ്ക്ക് 3 ലക്ഷം. ഉയ്യന്റമ്മേ. ചമ്മി നാണംകെടാന്‍ പോകുകയാണെന്ന് എനിക്ക് മനസിലായി. ഒന്നും നോക്കിയില്ല ഒരൊറ്റ തള്ളങ്ങോട്ട് കീച്ചി.
‘ഇവിടൊക്കെ ഇങ്ങനാണല്ലേ, കേരളത്തില്‍ നിന്നും ഞാനിത് വരെ കുങ്കുമപ്പൂവ് വാങ്ങീട്ടില്ല. ദുബായില്‍ നിന്നും വരുമ്പോള്‍ വാങ്ങിവരാറാണ് പതിവ്. ഞാന്‍ ഇവിടെ വേറെ ഏതേലും കടയില്‍ സ്റ്റോക്ക് ഉണ്ടോ എന്ന് നോക്കട്ടെ ‘.
എന്നും പറഞ്ഞ് ഇടം വലം നോക്കാതെ ആ കടയില്‍ നിന്നും മെല്ലെ കൈച്ചിലായി.
ഞാന്‍ ഇതുവരെ ദുഫായി കണ്ടിട്ട് പോലുമില്ല. അത് വേറെ കാര്യം.
എന്നിട്ട് വേറൊരു കടയില്‍ ചെന്ന് കുങ്കുമ പൂവുണ്ടോ എന്ന് ചോദിച്ചു.
‘ഉണ്ട്, എത്രവേണം, ഗ്രാമിന് 300 രൂപയാണ്. ‘ എന്ന് കടക്കാരന്‍.
പണം എനിക്കൊരു പ്രശ്‌നമല്ലലോ. ഞാന്‍ പറഞ്ഞു.
‘ഒരു….. അര ഗ്രാം എടുത്തോ ‘…..
…..Lijin Cr Pasukkadav……