എസ് പി ബാലസുബ്രഹ്മണ്യം വിടവാങ്ങി

ചെന്നൈ: പ്രശസ്ത ഗായകന്‍ എസ്.പി ബാലസുബ്രഹ്മണ്യ വിടവാങ്ങി. 74 വയസായിരുന്നു. ഏറെ നാളായി ചെന്നെയിലെ എംജിഎം ഹെല്‍ത്ത് കെയര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു എസ് പി ബാലസുബ്രഹ്മണ്യം

സപ്തംബര്‍ ഏഴാം തീയതി എസ്പിബി കൊവിഡ് മുക്തനായെങ്കിലും പ്രമേഹ സംബന്ധമായ പ്രശ്‌നങ്ങളാണ് ആരോഗ്യനില വഷളാക്കിയത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.04 നായിരുന്നു എസ്.പി. ബാലസുബ്രഹ്മണ്യത്തിന്‌റെ മരണമെന്ന് മകന്‍ ചരണ്‍ അറിയിച്ചു.ഇന്നലെ രാത്രിയോടെ അദ്ദേഹത്തിന്റെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു.

1946 ജൂണ്‍ 4ന് ആന്ധ്രപ്രദേശിലെ നെല്ലൂരിലാണ് ശ്രീപതി പണ്ഡിതാരാധ്യുല ബാലസുബ്രഹ്മണ്യത്തിന്റെ ജനനം. ഹരികഥാ കലാകാരന്‍ എസ്.പി. സാംബമൂര്‍ത്തിയായിരുന്നു പിതാവ്. അമ്മ ശകുന്തള. മകനെ എന്‍ജിനീയറാക്കണമെന്നായിരുന്നു പിതാവിന്റെ മോഹമെങ്കിലും ചെറുപ്പത്തിലേ സംഗീതത്തോട് അഭിനിവേശം തോന്നിയ എസ്പിബി’ പാട്ടിന്റെ വഴി തിരഞ്ഞെടുക്കുകയായിരുന്നു.

പത്മശ്രീയും പത്മഭൂഷണും നല്‍കി രാജ്യം ആദരിച്ചിട്ടുണ്ട്. മികച്ച ഗായകനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം ആറുതവണ നേടി. നടന്‍, സംഗീത സംവിധായകന്‍, ഡബ്ബിങ് ആര്‍ട്ടിസ്റ്റ് എന്നീ നിലകളിലും അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചു

പതിനാറു ഭാഷകളിലായി 40,000 ല്‍ അധികം ഗാനങ്ങള്‍ അദ്ദേഹം ആലപിച്ചിട്ടുണ്ട്. ഇത്രയധികം ചലച്ചിത്രഗാനങ്ങള്‍ പാടിയ മറ്റൊരു ഗായകന്‍ ലോകത്ത് വേറയില്ല ഏറ്റവുമധികം പാട്ടുകള്‍ റെക്കോര്‍ഡ് ചെയ്തതിന്റെ ഗിന്നസ് റെക്കോര്‍ഡ് എസ്.പി.ബാലസുബ്രഹ്മണ്യത്തിന്റെ പേരിലാണ്.