ഇടതുമുന്നണിക്ക് ആവേശകരമായ വിജയം; യുഡിഎഫ് അപ്രസക്തമായെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് ഇടതുമുന്നണിക്ക് ആവേശകരമായ വിജയം. സര്‍വ തലങ്ങളിലും എല്‍ഡിഎഫിന് മുന്നേറ്റം. ഇത് ജനങ്ങളുടെ വിജയമായാണ് കാണേണ്ടത്. കേരളത്തേയും, അതിന്റെ നേട്ടങ്ങളെയും തകര്‍ക്കാന്‍ ശ്രമിക്കുന്നര്‍ക്ക് നല്‍കിയ മറുപടിയാണ് ഈ തെരഞ്ഞെടുപ്പ്.

ഈ തെരഞ്ഞെടുപ്പ് ഫലം, കേന്ദ്ര ഏജന്‍സികള്‍, വലതുപക്ഷ വൈരികള്‍ എന്നിവരെല്ലാം സംഘടിതമായി നടത്തായി നുണ പ്രചാരണങ്ങള്‍ക്ക് ഉചിതമായ മറുപടിയായിരുന്നു . യുഡിഎഫ് കേരള രാഷ്ട്രീയത്തില്‍ അപ്രസക്തമാവുകയാണ്. ബിജെപിയുടെ അവകാശ വാദങ്ങള്‍ തകര്‍ന്നടിഞ്ഞു. ഒപ്പം വര്‍ഗീയ ശക്തികളുടെ ഐക്യപ്പെടലുകള്‍ക്കും, കുത്തിത്തിരിപ്പുകള്‍ക്കും കേരള രാഷ്ട്രീയത്തില്‍ ഇടമില്ലെന്ന് ഒരിക്കല്‍കൂടി തെളിഞ്ഞു.

2015 ലേക്കാള്‍ മുന്നേറ്റമുണ്ടാക്കാന്‍ എല്‍ഡിഎഫിന് സാധിച്ചു. കഴിഞ്ഞ തവണ 98 ബ്ലോക്കിലാണ് എല്‍ഡിഎഫ് ജയിച്ചതെങ്കില്‍, ഇക്കുറി 108 ബ്ലോക്കുകളില്‍ വിജയിച്ചു. കോര്‍പറേഷനുകളുടെ കാര്യത്തിലും ആറില്‍ അഞ്ചിടത്ത് വിജയം നേടിക്കൊണ്ട് എല്‍ഡിഎഫ് വന്‍ മുന്നേറ്റമാണ് ഉണ്ടാക്കിയിരിക്കുന്നത്. 940 ഗ്രാമപഞ്ചായത്തുകളാണ് ഉള്ളത്. ഇതില്‍ അഞ്ഞൂറിലേറെ ഇടങ്ങളില്‍ എല്‍ഡിഎഫ് വ്യക്തമായ മേല്‍ക്കൈ നേടി. ഒരു ശതമാനം പോലും അവിശുദ്ധ കൂട്ടുകെട്ടിനോ, നീക്കുപോക്കിനോ പോകാതെയാണ് എല്‍ഡിഎഫ് ഈ വിജയം സ്വന്തമാക്കിയത്.

ബിജെപിയും കോണ്‍ഗ്രസും അപവാദങ്ങള്‍ പ്രചരിപ്പിച്ചു. കേന്ദ്ര ഏജന്‍സികളെ ദുരുപയോഗിച്ചു. ചില മാധ്യമങ്ങളേയും കൂട്ടുപിടിച്ചു. കുപ്രചരണങ്ങള്‍ തള്ളിക്കളഞ്ഞ് എല്‍ഡിഎഫിന് വന്‍ പിന്തുണ ജനങ്ങള്‍ നല്‍കി.