ഐസിസിയുടെ സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് പുരസ്‌കാരം എം എസ് ധോണിക്ക്

ദുബായ്: ഐസിസിയുടെ സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് ബഹുമതി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം എസ് ധോണിക്ക്. 2011ലെ ഇംഗ്ലണ്ട് പര്യടനത്തില്‍ നോട്ടിംഗ്ഹാം ടെസ്റ്റില്‍ റണ്ണൗട്ടായ ഇയാന്‍ ബെല്ലിനെ തിരിച്ചുവിളിച്ചതാണ് ധോണിയെ സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. ക്രിക്കറ്റ് ആരാധകരുടെ വോട്ടിന്റെ അടിസ്ഥാനത്തിലാണ് ധോണി അവാര്‍ഡ് സ്വന്തമാക്കിയിരുന്നത്.

നോട്ടിംഗ്ഹാം ടെസ്റ്റിന്റെ മൂന്നാം ദിവസമായിരുന്നു സംഭവം. ഇംഗ്ലണ്ട് ബാറ്റ്സ്മാന്‍ ഓയിന്‍ മോര്‍ഗന്‍ തട്ടിയിട്ട പന്ത് ബൗണ്ടറി ലൈനിലേക്ക് പാഞ്ഞു. ലൈനിനു തൊട്ടരികില്‍ വെച്ച് പന്ത് പ്രവീണ്‍ കുമാര്‍ തട്ടിയിട്ടു. പന്ത് ബൗണ്ടറി കടന്നുവെന്ന് കരുതിയ ബെല്ലും മോര്‍ഗനും കൈകൊട്ടി ചിരിച്ച് പവലിനയിലേക്ക് തിരിച്ചു. ഇതിനിടയില്‍ പ്രവീണ്‍ കുമാറില്‍ നിന്ന് പന്ത് സ്വീകരിച്ച ധോണി, അഭിനവ് മുകുന്ദിന് കൈമാറി.

അദ്ദേഹം ബെയ്ല്‍സ് ഇളക്കി. ശേഷം ടീം ഇന്ത്യ അപ്പീല്‍ നല്‍കി. വീഡിയോയില്‍ പന്ത് ബൗണ്ടറി ലൈന്‍ തൊട്ടില്ലെന്ന് വ്യക്തമായി. അതോടെ, ബെല്‍ 137ന് പുറത്ത്. ചായ കുടിക്കാന്‍ പിരിയുന്ന സമയത്തായിരുന്നു ഈ സംഭവം. അപ്രതീക്ഷിതമായ ഔട്ടാവലില്‍ ബെല്‍ ഒട്ടും തൃപ്തനായിരുന്നില്ല. ഇത് മനസിലാക്കിയ ധോണി അപ്പീല്‍ പിന്‍വലിച്ചു. ഇതോടെ, ബെല്‍ വീണ്ടും ക്രീസിലേക്ക്. ധോണിയുടെ ഈ നടപടി ഗ്യാലറിയിലുള്ള ഏവരും കൈയ്യടിച്ച് പാസാക്കുകയും ചെയ്തു.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ധോണിയപ്പോള്‍ ഐപിഎല്ലില്‍ മാത്രമാണ് കളിക്കുന്നത്. ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ ക്യാപ്റ്റനാണ് അദ്ദേഹം. ഇക്കഴിഞ്ഞ ഓഗസ്റ്റിലാണ് ധോണി വിരമിക്കല്‍ പ്രഖ്യാപിച്ചത്.