പൂനെ :കോവിഡ് വാക്സിന് സംസ്ഥാനങ്ങളിലേക്ക് അയച്ചു തുടങ്ങി. കോവിഷീല്‍ഡിന്റെ ആദ്യ ലോഡുകള്‍ പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് വിവിധ നഗരങ്ങളിലെത്തി. കേരളത്തിലേക്കുള്ള വാക്സിന് ഡോസുകള്‍ നാളെ എത്തും.
ഇന്ന് പുലര്‍ച്ചയോടെ പുനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും സംസ്ഥാനങ്ങളിലേക്ക് വാക്സിന് അയച്ചു തുടങ്ങി. പൂജ അടക്കമുള്ള ചടങ്ങുകള്‍ക്ക് ശേഷമാണ് താപനില ക്രമീകരിച്ച ട്രക്കുകളില്‍ വാക്സിന് പുറത്തെത്തിച്ചത്.
ട്രക്കുകളില്‍ വിമാനത്താവളത്തിലെത്തിച്ച ശേഷം വിതരണ ഹബ്ബുകളിലേക്ക് വിമാന മാര്‍ഗം എത്തിക്കുകയാണ്. ഡല്‍ഹി അടക്കം 13 നഗരങ്ങളിലാണ് ഇന്ന് വാക്സിനെത്തുന്നത്. കേരളത്തിലേക്ക് നാളെയാണ് വാക്സിനെത്തുക. നാളെ ഉച്ച കഴിഞ്ഞ് രണ്ട് മണിക്ക് വാക്സിനുമായി നെടുമ്പാശേരിയില്‍ ആദ്യ വിമാനമെത്തും. വൈകിട്ട് ആറിന് തിരുവനന്തപുരത്തും വാക്സിന് എത്തിക്കും.
തിരുവനന്തപുരത്ത് 1.35 ലക്ഷം ഡോസും കൊച്ചിയില്‍ 3 ലക്ഷം ഡോസും നാളെത്തന്നെ എത്തും. ഓക്സ്ഫോഡ് സര്‍വകലാശായുടെ സഹായത്തോടെ ആസ്ട്രസനേകയുമായി ചേര്‍ന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് വികസിച്ച കോവിഷീല്‍ഡ് വാക്സിനാണ് കേരളത്തിലെത്തുന്നത്. ആദ്യഘട്ടത്തില്‍ 435000 ഡോസ് വാക്സിനുകളാണ് കേരളത്തിലെത്തുന്നത്. വരുന്ന ശനിയാഴ്ച കേരളത്തിലടക്കം വാക്സിന് കുത്തിവെപ്പ് ആരംഭിക്കും.