ദുല്‍ഖര്‍ സല്‍മാന്‍ വീണ്ടും ബോളിവുഡിലേക്ക്

ദുല്‍ഖര്‍ സല്‍മാന്‍ വീണ്ടും ബോളിവുഡിലേക്ക്. ആര്‍ ബാല്‍കി സംവിധാനം ചെയ്യുന്ന ചിത്രം ത്രില്ലര്‍ മൂഡിലാണ് ഒരുക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ ഇതിനകം പൂര്‍ത്തിയായിട്ടുണ്ടെന്നും പ്രീ-പ്രൊഡക്ഷന്‍ ഇതിനകം ആരംഭിച്ചുകഴിഞ്ഞെന്നും ബല്‍കിയുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്തു.

ദുല്‍ഖര്‍ അവതരിപ്പിക്കുന്ന നായക കഥാപാത്രത്തിനൊപ്പം നിഗൂഢതയുടെ പരിവേഷമുള്ള നിരവധി കഥാപാത്രങ്ങള്‍ ചിത്രത്തിലുണ്ടാവും. നായികയടക്കമുള്ളവരുടെ താരനിര്‍ണ്ണയം പുരോഗമിക്കുകയാണ്. ഔദ്യോഗിക പ്രഖ്യാപനം വൈകാതെ ഉണ്ടാവും.

കര്‍വാന്‍ എന്ന ചിത്രത്തിലൂടെ ബോളിവുഡിലേയ്ക്ക് അരങ്ങേറ്റം കുറിച്ചതാണ് ദുല്‍ഖര്‍ സല്‍മാന്‍. ഇര്‍ഫാന്‍ ഖാന്‍ നായകനായെത്തിയ ഈ ചിത്രം 2018-ലാണ് പ്രേക്ഷകരിലേയ്ക്കെത്തിയത്. തുടര്‍ന്ന് സോയ ഫാക്ടര്‍ എന്ന ബോളിവുഡ് ചിത്രത്തിലും ദുല്‍ഖര്‍ സല്‍മാന്‍ പ്രധാന കഥാപാത്രമായെത്തി.