ബഷീറിന്റെ ‘നീലവെളിച്ചം സിനിമയാകുന്നു; ആഷിഖ് അബു ചിത്രത്തില്‍ പൃഥിരാജും കുഞ്ചാക്കോ ബോബനും റിമയും സൗബിനും

വൈക്കം മുഹമ്മദ് ബഷീറിന്റെ പ്രശ്സത ചെറുകഥ ‘നീലവെളിച്ചം’ വീണ്ടും സിനിമയാകുന്നു. ആഷിഖ് അബുവാണ് ബഷീറിന്റെ നൂറ്റിപതിമൂന്നാം ജന്മദിനമായ ഇന്ന് സിനിമ പ്രഖ്യാപിച്ചത്.

പൃഥിരാജ്, കുഞ്ചാക്കോ ബോബന്‍, റിമ കല്ലിങ്കല്‍, സൗബിന്‍ ഷാഹിര്‍ തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. സന്തോഷ് ടി. കുരുവിള നിര്‍മ്മിക്കുന്ന ചിത്രത്തിന് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് ഷൈജു ഖാലിദ് ആണ്.

ബിജിബാല്‍, റെക്സ് വിജയന്‍ എന്നിവരാണ് ചിത്രത്തില്‍ സംഗീതം നിര്‍വ്വഹിക്കുന്നത്. ‘ഭാര്‍ഗവീനിലയം’ എന്ന പേരില്‍ നോവല്‍ നേരത്തെ തന്നെ സിനിമ ആയിരുന്നു. വൈക്കം മുഹമ്മദ് ബഷീര്‍ തന്നെയാണ് സിനിമയ്ക്ക് തിരക്കഥ ഒരുക്കിയത്. നീലവെളിച്ചം സിനിമയാക്കണമെന്ന തന്റെ കൊതി ഇപ്പോഴാണ് യാഥാര്‍ത്ഥ്യമാകാന്‍ ഒരുങ്ങുന്നത് എന്നാണ് ആഷിഖ് അബു ഫെയ്സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

”സ്നേഹം നിറഞ്ഞവരേ, നിറത്തിന്മേല്‍ നിറവും വെളിച്ചത്തിന്മേല്‍ വെളിച്ചവും ഉപയോഗിച്ച്, ബഷീറിന്റെ ‘നീലവെളിച്ചം’ സിനിമയാക്കണമെന്നത് ഏറെ കാലമായുള്ള കൊതിയായിരുന്നു. എല്ലാം ഒത്തുവന്നത് ഇപ്പോഴാണ്. അക്ഷരസുല്‍ത്താന്റെ നൂറ്റിപതിമൂന്നാം ജന്മദിനത്തില്‍ ഈ വാര്‍ത്ത നിങ്ങളുമായി പങ്കുവെയ്ക്കാന്‍ ഏറെ അഭിമാനവും സന്തോഷവും ഉണ്ട്. ബഷീറിന്റെ കുടുംബങ്ങള്‍ക്കും ശ്രീ ഗുഡ്നൈറ്റ് മോഹനും ഹൃദയത്തില്‍ നിന്നും നന്ദി. നീലവെളിച്ചം ഈ വര്‍ഷാവസാനം ചിത്രീകരണം ആരംഭിക്കും” എന്ന് ആഷിഖ് അബു കുറിച്ചു.