മാസങ്ങള്‍ക്ക് ശേഷം വീണ്ടും സിനിമ ലൊക്കേഷനില്‍ എത്തി മമ്മൂട്ടി

പത്ത് മാസങ്ങള്‍ക്ക് ശേഷം വീണ്ടും സിനിമ ലൊക്കേഷനില്‍ എത്തി മമ്മൂട്ടി. സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന വണ്ണിന്റെ ലൊക്കേഷനിലാണ് മമ്മൂട്ടി എത്തിയത്. താടിയും മുടിയും നീട്ടി വളര്‍ത്തിയ പുതിയ ലുക്കിലാണ് മമ്മൂട്ടി ഷൂട്ടിന് എത്തിയിരിക്കുന്നത്. റെയ്ഞ്ചറോവര്‍ സ്വയം ഓടിച്ച് ലൊക്കേഷനിലേക്ക് വരുന്ന മമ്മൂട്ടിയാണ് വീഡിയോയിലുള്ളത്.

മമ്മൂട്ടിയുടെ പുതിയ ലുക്ക് അമല്‍ നിരദിന്റെ പുതിയ ചിത്രത്തിന് വേണ്ടിയാണെന്നാണ് സൂചന. വണ്ണിലെ കടക്കല്‍ ചന്ദ്രന്‍ എന്ന കഥാപാത്രത്തിന്റെ ലുക്കുമായി ഇതിന് സാമ്യമില്ല. എന്നാല്‍ മമ്മൂട്ടിയുടെ പുതിയ ലുക്ക് ചിത്രത്തിന്റെ ഈ ഭാഗങ്ങളെ ബാധിക്കില്ലെന്ന് സംവിധായകന്‍ നേരത്തെ റിപ്പോര്‍ട്ടര്‍ ലൈവിനോട് പറഞ്ഞിരുന്നു.

വണ്ണിന്റെ ചിത്രീകരണത്തിന് ശേഷം ഫെബ്രുവരിയില്‍ മമ്മൂട്ടി അമല്‍ നീരദ് ചിത്രത്തില്‍ ജോയിന്‍ ചെയ്യും. എറണാകുളം പ്രധാന ലൊക്കേഷനായ ചിത്രത്തിന്റെ പേര് അടുത്ത മാസം തന്നെ പ്രഖ്യാപിക്കുമെന്നാണ് സൂചന. അമല്‍ നീരദിന്റെ പുതിയ ചിത്രത്തില്‍ സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി എന്നിവരും മമ്മൂട്ടിക്കൊപ്പം പ്രധാന വേഷങ്ങളിലെത്തും.