ഇന്ത്യ- ഇംഗ്ലണ്ട് ടി20 പരമ്പരയ്ക്ക് ഇന്ന് തുടക്കമാവും

ടെസ്റ്റ് പരമ്പരയിലെ തകർപ്പൻ വിജയത്തിനു ശേഷം ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടി20 പരമ്പര ഇന്ന് ആരംഭിക്കും. അഞ്ച് മത്സരങ്ങളുടെ പരമ്പര നരേന്ദ്രമോദി സ്റ്റേഡിയത്തിലാണ് നടക്കുന്നത്. രാത്രി ഏഴു മണിക്കാണ് മത്സരം തുടങ്ങുന്നത്.

ടി20 ലോകകപ്പിനു മുന്നോടിയായി ടീമിനെ സജ്ജമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇരു രാജ്യങ്ങളും ടീം അംഗങ്ങളെ തിരഞ്ഞെടുത്തിരിക്കുന്നത്. നിരവധി പുതുമുഖങ്ങൾ ടീമിൽ ഇടംപിടിച്ചിട്ടുണ്ട്. ഇംഗ്ലണ്ടും ഇന്ത്യയും ഇതുവരെ 14 ടി20യിൽ ഏറ്റുമുട്ടിയപ്പോൾ ഇരു ടീമുകളും ഏഴ് വീതം മത്സരങ്ങളിൽ വിജയിച്ചിട്ടുണ്ട്.

മൂന്ന് ഫോർമാറ്റിലും 50ൽ കൂടുതൽ ശരാശരിയുള്ള ഏക താരമാണ് വിരാട് കോലി. ഏറ്റവും കൂടുതൽ റൺസ് നേടിയ താരവും കോലി തന്നെ. ഇംഗ്ലണ്ടിനെതിരെ ആദ്യ ടി20 മത്സരത്തിനിറങ്ങുമ്പോൾ മറ്റൊരു റെക്കോഡിനരികെയാണ് കോലി ടി20 കരിയറിൽ 3000 റൺസ് പൂർത്തിയാക്കാൻ കോലിക്ക് ഇനി 72 റൺസ് കൂടി മതി.ഇന്ത്യയുടെ ഓപ്പണർ രോഹിത് ശർമയാണ് തൊട്ടുപിന്നിലുള്ളത്. ടി20 മത്സരങ്ങളിൽ സെഞ്ചുറി ഇല്ലെങ്കിലും 25 അർധ സെഞ്ചുറികൾ അദ്ദേഹം നേടിയിട്ടുണ്ട്.