അനുഷ്‌ക ശർമ്മ ഗർഭകാലത്ത് ഉപയോഗിച്ച വസ്ത്രങ്ങൾ വിൽക്കുന്നു; പണം ചാരിറ്റിക്ക്

നടി അനുഷ്‌ക ശർമ്മ ഗർഭകാലത്ത് ഉപയോഗിച്ച വസ്ത്രങ്ങൾ ഫാഷൻപ്രേമികളുടെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോൾ ആ വസ്ത്രങ്ങൾ ഓൺലൈനിൽ വിൽപനക്ക് വച്ചിരിക്കുകയാണ് നടി. വസ്ത്രങ്ങൾ വിറ്റുകിട്ടുന്ന പണം സ്‌നേഹ എന്ന ചാരിറ്റി സ്ഥാപനത്തിന് നൽകാനാണ് തീരുമാനം. ‘എൻറെ ഗർഭകാലത്ത് വളരെ കുറച്ച് മാത്രം ഉപയോഗിച്ച വസ്ത്രങ്ങളാണ് ഇവ.

പക്ഷെ ഈ ഓരോ വസ്ത്രവും നിർമിക്കാൻ പ്രകൃതിയിൽ നിന്നെടുത്ത വിഭവങ്ങളെ കുറിച്ച് ഓർക്കുമ്പോൾ ഇത്തരത്തിൽ വസ്ത്രങ്ങൾ പങ്കുവയ്ക്കുന്ന രീതി വളരെ നല്ലതാണെന്നാണ് എനിക്ക് തോന്നുന്നത്. ഇന്ത്യയിലെ നഗരങ്ങളിലെ ഒരു ശതമാനം ഗർഭിണികൾ പുതിയ വസ്ത്രങ്ങൾക്ക് പകരം ഇത്തരത്തിലുള്ള വസ്ത്രങ്ങൾ വാങ്ങിയാൽ 200 വർഷത്തിലധികം ഒരാൾ കുടിക്കുന്ന അത്രയും വെള്ളം ലാഭിക്കാൻ നമുക്ക് കഴിയും. ഒരു ചെറിയ തീരുമാനം എത്ര വലിയ മാറ്റമാണ് വരുത്തുന്നത്’, വിഡിയോയിൽ അനുഷ്‌ക പറഞ്ഞു.