തനിക്ക് മോൻസൺ മാവുങ്കലുമായി ഉള്ളത് പ്രൊഫഷണൽ ബന്ധം, ജീവിതം തകർക്കുന്ന രീതിയിൽ വാർത്തകൾ പ്രചരിപ്പിക്കരുത്: നടി ശ്രുതി ലക്ഷ്മി

പുരാവസ്തു തട്ടിപ്പുമായി ബന്ധപ്പെട്ട് പിടിയിലായ മോൻസൺ മാവുങ്കലുമായി തനിക്ക് പ്രൊഫഷണൽ ബന്ധം മാത്രമേ ഉള്ളൂവെന്ന് നടി ശ്രുതി ലക്ഷ്മി. താനും മോൻസൺ മാവുങ്കലും തമ്മിൽ അടുത്ത ബന്ധമുണ്ട് എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാന രഹിതമാണ്.

ഒരാളുടെ ജീവിതം തകർക്കുന്ന രീതിയിൽ വാർത്തകൾ പ്രചരിപ്പിക്കരുത് എന്നും ശ്രുതി ലക്ഷ്മി പറയുന്നു. മോൻസൺ മാവുങ്കലിന്റെ ജന്മദിനത്തിൽ ആശംസകൾ നേരുന്ന ശ്രുതിയുടെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നതിനിടേയാണ് പ്രതികരണവുമായി നടി രംഗത്തെത്തിയത്.

ചില പരിപാടികൾ അദ്ദേഹത്തിന് വേണ്ടി ചെയ്തിട്ടുണ്ട് എന്നല്ലാതെ അദ്ദേഹവുമായി എനിക്ക് അടുത്ത ബന്ധമൊന്നുമില്ല. നന്നായി പെരുമാറുന്ന ആളാണ് മോൻസൺ. അത് കൊണ്ട് തന്നെ അദ്ദേഹത്തിന്റെ പിന്നാമ്പുറങ്ങൾ ചികയാൻ പോയിട്ടില്ല.

അദ്ദേഹത്തെ കുറിച്ച് വാർത്തകൾ കേട്ടപ്പോൾ ഞെട്ടലാണ് തോന്നിയത്. അദ്ദേഹത്തെ പോലൊ ഒരാൾക്ക് എങ്ങനെയാണ് ഇതിനൊക്കെ കഴിയുന്നത് എന്ന് മനസ്സിലാവുന്നില്ല. എല്ലാവരോടും വളരെ നന്നായിട്ട് പെരുമാറിയിട്ടുള്ള ആളാണ് മോൻസൺ മാവുങ്കൽ. പരിപാടികൾക്ക് പേയ്‌മെന്റ് കൃത്യമായി തരും.

ആർടിസ്റ്റുകൾ അതു മാത്രമല്ലേ നോക്കാറുള്ളൂ. ഞാൻ ഒരു പരിപാടിക്ക് പോകുമ്പോൾ പ്രതിഫലത്തേക്കാൾ കൂടുതൽ സുരക്ഷിതമായി തിരികെ വീട്ടിൽ എത്തുക എന്നുള്ളതിനാണ് മുൻഗണന കൊടുക്കുന്നത്. ആ സുരക്ഷിതത്വം അവിടെ കിട്ടിയതായും നടി പറഞ്ഞു. അദ്ദേഹത്തിന്റെ മകളൊക്കെ നല്ല പെരുമാറ്റം ആയിരുന്നു.

വളരെ നല്ല കുടുംബമായാണ് തോന്നിയിട്ടുള്ളത്. അദ്ദേഹത്തിൽ നിന്ന് ഇതുവരെ ഒരു മോശം പെരുമാറ്റവും ഉണ്ടായിട്ടില്ല. തട്ടിപ്പുകാരനാണെന്ന് അറിഞ്ഞിരുങ്കിൽ അപ്പോൾത്തന്നെ ആ സൗഹൃദം ഉപേക്ഷിക്കുമായിരുന്നു എന്നും ശ്രുതി ലക്ഷ്മി പറഞ്ഞു.

അതേ സമയം മോൻസൺ മാവുങ്കലിന്റെ അടുത്ത് ഡോക്ടർ എന്ന നിലയിൽ ചികിത്സ തേടിയതായും ശ്രുതി ലക്ഷ്മി പറഞ്ഞു. ഒരു ഡോക്ടറാണെന്ന് തെറ്റിദ്ധരിച്ച് മോൻസണിന്റെ അടുക്കൽ താൻ പോയിട്ടുണ്ട്. തന്റെ മുടികൊഴിച്ചിൽ ചികിത്സിച്ച് ഭേദമാക്കിയത് അദ്ദേഹമാണെന്നും എന്നാൽ അദ്ദേഹം ഡോക്ടറല്ല എന്ന വാർത്ത തന്നെ ഞെട്ടിച്ചുകളഞ്ഞു.

താനുമായി ബന്ധപ്പെട്ട് ഓൺലൈൻ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്ന വാർത്തകൾ പലതും അസംബന്ധങ്ങളാണെന്നും തന്നെയും കുടുംബത്തെയും വേട്ടയാടുന്നത് ഓൺലൈൻ മാധ്യമങ്ങൾ അവസാനിപ്പിക്കണമെന്നും ശ്രുതി ഒരു സ്വകാര്യ ചാനലിനോട് നടി വ്യക്തമാക്കി.