നടുക്കടലിൽപെട്ട അവസ്ഥയിലായിരുന്നു; മാളവിക മോഹനന്റെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ

പാൻ ഇന്ത്യൻ യുവ സൂപ്പർതാരം ദുൽഖർ സൽമാൻ നായകനായ ചിത്രം പട്ടം പോലെയിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ നടിയാണ് മാളവിക മോഹൻ. കഴിഞ്ഞ വർഷം വിജയ് നായകനായ മാസ്റ്ററിൽ നടിയുടെ പ്രകടനം ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ 2021ലെ തന്റെ വ്യക്തി ജീവിതത്തെക്കുറിച്ച് കുറിപ്പുമായി എത്തിയിരിക്കുകയാണ് മാളവിക.

കഴിഞ്ഞ വർഷം സിനിമാ ജീവിതം ഏറെ സന്തോഷം നിറഞ്ഞത് ആയിരുന്നു എങ്കിലും വ്യക്തി ജീവിതത്തിൽ ഏറെ മോശം അവസ്ഥലകളിലൂടെയാണ് കടന്നു പോയത് എന്ന് നടി പറയുന്നു. സുഹൃത്തുക്കളും കുടുംബവുമാണ് തന്നെ ആ അവസ്ഥയിൽ മുന്നോട്ടു നയിച്ചത് എന്നും നടി കൂട്ടിച്ചേർത്തു.

ഇൻസ്റ്റാഗ്രാമിലൂടെ ആണ് മാളവികയുടെ പ്രതികരണം. അത് ഇങ്ങനെ

ഇത് വളരെ കഠിനമായ ഒരു വർഷമായിരുന്നു. നമ്മുടെ ജീവിതത്തിന്റെ നല്ലതും രസകരവുമായ വശങ്ങൾ മാത്രമായിരിക്കും പുറത്ത് കാണിക്കുക. അതും മനസ്സിലാക്കാവുന്നതേയുള്ളൂ. കാരണം ആരാണ് മോശം ഭാഗങ്ങൾ കാണിക്കാനും ഓർമ്മിക്കാനും ആഗ്രഹിക്കുന്നത്, അല്ലേ? ഈ വർഷം മറ്റേതൊരു വർഷത്തേക്കാളും വളരെ കഠിനമായിരുന്നു.പ്രൊഫഷണൽ കാര്യങ്ങൾ മികച്ചതായിരുന്നു.

എന്റെ ആദ്യ റിലീസ് ആ വർഷത്തെ തന്നെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നായി, ഞങ്ങളുടെ തലമുറയിലെ എന്റെ പ്രിയപ്പെട്ട നടൻമാരിൽ ഒരാളുമായി മറ്റൊരു പ്രോജക്റ്റിൽ വർക്ക് ചെയ്യാൻ കഴിഞ്ഞു. അദ്ദേഹത്തിൽ നിന്നും നിരവധി കാര്യങ്ങൾ പഠിക്കാനും സാധിച്ചു. ആദ്യമായി ബോളിവുഡിലും അഭിനയിച്ചു. അങ്ങനെ അതിശയിപ്പിക്കുന്ന കാര്യങ്ങളുടെ വലിയ നിര തന്നെയുണ്ട്.

എന്നാൽ വ്യക്തിപരമായി ഞാൻ ഒരു നടുക്കടലിൽപെട്ട അവസ്ഥയിലായിരുന്നു. എന്റെ ജീവിതത്തിലെ തന്നെ ഏറ്റവും മോശം അവസ്ഥകളിലൂടെയാണ് കഴിഞ്ഞ കുറച്ച് മാസങ്ങളായി ഞാൻ കടന്നു പോകുന്നത്. ഈ കരിയർ തന്നെ നിരവധി അനിശ്ചിതത്വങ്ങൾ നിറഞ്ഞതാണ്, വ്യക്തിജീവിതത്തിലും അതിന്റെ അഭാവം ആത്മാവിനെ തകർക്കും.

ഈ സമയത്ത് എന്നെ മുന്നോട്ട് നയിച്ച ഒരേയൊരു ശക്തി എന്റെ സുഹൃത്തുക്കളാണ് (എന്റെ കുടുംബത്തിന് പുറമെ). 2021ലെ ഏറ്റവും നല്ല ഭാഗം എന്നെ സംബന്ധിച്ചിടത്തോളം എന്റെ സുഹൃത്തുക്കളാണ്. നിങ്ങളും നല്ല സുഹൃത്തുക്കൾക്കൊപ്പം ആവണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.