വിവാഹം അടുത്തതോടെ സൗന്ദര്യ ചികിത്സയ്ക്കായി പാർലറിൽ എത്തിയതായിരുന്നു തമിക ക്ലെഗെറ്റ് എന്ന യുവതി. എന്നാൽ എത്തിയതാകട്ടെ ആശുപത്രിയിലും. കൺപുരികങ്ങൾ വാക്സ് ചെയ്ത് നിറം നൽകാനായിരുന്നു തീരുമാനം.
ബ്യൂട്ടീഷന്റെ കൈപ്പിഴയാണ് യുവതിക്ക് വിനയായത്. ടിക്ടോക് വിഡിയോയിലൂടെയാണ് ദുരനുഭവം പങ്കുവച്ചത്. ഓസ്ട്രേലിയയിലെ പെര്‍ത്തിലാണ് സംഭവം. 2016 ഡിസംബറിലായിരുന്നു തമികയുടെ വിവാഹം. സൗന്ദര്യവർധക ചികിത്സയ്ക്കായി പുതിയൊരു പാർലറാണ് തിരഞ്ഞെടുത്തത്.
തമികയുടെ നിർദേശം മറന്ന് പുരികത്തിനു നിറം നൽകാൻ പെൻസിലിനു പകരം ബ്യൂട്ടീഷൻ ഡൈ ഉപയോഗിച്ചു. ഡൈ അലർജിയുള്ള തമികയ്ക്ക് അസ്വസ്ഥ അനുഭവപ്പെടാൻ തുടങ്ങി. കണ്ണുകള്‍ നീറുകയും ചൊറിയുകയും ചെയ്തു. ആശുപത്രിയിലെത്തിത്തുമ്പോഴേക്കും മുഖം ചുവന്ന് വീര്‍ത്ത് കണ്ണു തുറക്കാന്‍ കഴിയാത്ത അവസ്ഥയായി. 24 മണിക്കൂർ ഇങ്ങനെ ചെലവിട്ടു.
രണ്ടു ദിവസത്തെ ചികിത്സയ്ക്കുശേഷം ആശുപത്രി വിട്ടെങ്കിലും ഒരു മാസത്തോളം വിശ്രമവും വേണ്ടി വന്നു. ഏതാനും മാസങ്ങൾ അവശേഷിച്ചിരുന്നതു കൊണ്ട് നിശ്ചയിച്ച ദിവസം വിവാഹം നടത്തി. എങ്കിലും അന്ന് അനുഭവിച്ച ശാരീരികവും മാനസികവുമായ ബുദ്ധിമുട്ട് അതികഠിനമായിരുന്നെന്ന് തമിക പറയുന്നു.
തമിക തന്റെ അനുഭവം വീവരിക്കുന്നത് വായിക്കാം…..
‘‘വിചിത്ര മുഖവുമായാണ് ആശുപത്രയിലേക്ക് പോയത്. എന്നെ ഒരു അന്യഗ്രഹ ജീവിയെപ്പോലെയാണ് പലരും നോക്കിയത്. വിവാഹം വേണ്ടെന്നു വച്ചാലോ എന്നു പോലും ചിന്തിച്ചു. നാലു ദിവസം കാര്യങ്ങൾ ഗുരുതരമായി തുടർന്നു. ജീവിതത്തിൽ ഏറ്റവും വേദനിച്ച ദിവസങ്ങളായിരുന്നു അത്’’.
ബ്യൂട്ടി പാര്‍ലർ തിരഞ്ഞെടുക്കുമ്പോഴും പുതിയ ഉത്പന്നങ്ങൾ പരീക്ഷിക്കുമ്പോഴും വളരെയധികം ശ്രദ്ധിക്കണം. പാച്ച് ടെസ്റ്റ് നടത്തി അലർജി ഇല്ലെന്ന് ഉറപ്പാക്കണം. അലർജി ഉണ്ടാക്കുന്നവ എന്തെല്ലാം എന്നു ബന്ധപ്പെട്ട രേഖകളിൽ എഴുതി ഒപ്പിട്ട് നൽകണം.