കുന്നത്തൂർ: സ്‌കൂളിൽ യൂണിഫോമിന് അളവെടുക്കുന്നതിനിടെ വിദ്യാർത്ഥിനികളെ ശാരീരികമായി ഉപദ്രവിക്കാൻ ശ്രമിച്ച സംഭവത്തിൽ തയ്യൽക്കാരൻ അറസ്റ്റിലായി. ശൂരനാട് വടക്ക് പടിഞ്ഞാറ്റ കിഴക്ക് ലിജു ഭവനത്തിൽ ലൈജു ഡാനിയേൽ (40 വയസ്) ആണ് പോലീസിന്റെ പിടിയിലായത്.
ഇന്നലെ പോരുവഴിയിലെ ഒരു സ്‌കൂളിലാണ് സംഭവം. യൂണിഫോമിനായി സ്‌കൂളിൽ നിന്ന് നൽകിയ തുണിയുടെ അളവ് കുറവാണെന്ന് രക്ഷിതാക്കൾ പരക്കെ പരാതി അറിയിച്ചിരുന്നു. തുടർന്ന് കുട്ടികളുടെ അളവെടുത്ത് തുണി നൽകാൻ പിടിഎ തീരുമാനിക്കുകയും ലൈജുവിനെ ചുമതലപ്പെടുത്തുകയുമായിരുന്നു.
തുടർന്ന്, അളവെടുക്കുന്നതിനിടെ ശരീരഭാഗങ്ങളിൽ അനാവശ്യമായി സ്പർശിക്കുകയും അശ്ലീലച്ചുവയോടെ സംസാരിക്കുകയും ചെയ്തതായി 11 കുട്ടികളാണ് പരാതി അറിയിച്ചത്. തുടർന്ന് സ്‌കൂൾ അധികൃതർ ശൂരനാട് പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് എസ്.ഐ രാജൻബാബുവിന്റെ നേതൃത്വത്തിൽ പ്രതിയെ അറസ്റ്റുചെയ്തു. കോടതിയിൽ ഹാജരാക്കി പ്രതിയെ റിമാൻഡ് ചെയ്തു.