വാൾ വീശി അക്രമി, കൈകൾക്ക് വെട്ടേറ്റിട്ടും മൽപ്പിടുത്തത്തിലൂടെ സാഹസികമായി പ്രതിയെ കീഴടക്കി; എസ്‌ഐ അരുൺ കുമാറിനെ ആദരിച്ച് കേരള പൊലീസ്

തിരുവനന്തപുരം: ആയുധവുമായി പൊലീസ് വാഹനം തടഞ്ഞ് ആക്രമിക്കാൻ ശ്രമിച്ച പ്രതിയെ അതിസാഹസികമായി കീഴടക്കിയ നൂറനാട് എസ്‌ഐ വി.ആർ. അരുൺ കുമാറിന് ആദരം. സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത് കമൻറേഷൻ സർട്ടിഫിക്കറ്റ് നൽകി. കേരള പൊലീസിന്റെ വക ട്രോഫിയും സമ്മാനിച്ചാണ് അരുണിനെ ആദരിച്ചത്. പൊലീസ് ആസ്ഥാനത്തു നടന്ന ചടങ്ങിൽ ഹെഡ്ക്വാർട്ടേഴ്‌സ് എഡിജിപി മനോജ് എബ്രഹാം, മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

സ്‌കൂട്ടറിൽ പൊലീസ് വാഹനത്തെ പിന്തുടർന്ന് എത്തിയയാൾ എസ്‌ഐയെ വാൾ ഉപയോഗിച്ചു വെട്ടി പരുക്കേൽപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് അരുണിന്റെ ധീരത കേരളം അറിഞ്ഞത്. സംഭവത്തിൽ നൂറനാട് മുതുകാട്ടുകര എള്ളുംവിള സ്വദേശി സുഗതൻ (48) പിടിയിലായിരുന്നു. കഴിഞ്ഞദിവസം വൈകിട്ട് പട്രോളിങ് ഡ്യൂട്ടിക്കായി പൊലീസ് വാഹനത്തിൽ വരുമ്പോഴായിരുന്നു സംഭവം.

പിന്നാലെ സ്‌കൂട്ടറിലെത്തിയ പ്രതി, പാറ ജംഷ്‌നിൽ വച്ച് പൊലീസ് വാഹനത്തെ തടഞ്ഞു. തുടർന്ന് വാഹനത്തിൽനിന്ന് ഇറങ്ങിയ അരുണിനെ വാൾ ഉപയോഗിച്ച് വെട്ടാൻ ശ്രമിക്കുകയായിരുന്നു. ആക്രമണത്തിൽ എസ്‌ഐയുടെ വിരലുകൾക്കു പരുക്കേറ്റു. പരിക്ക് സാരമാക്കാതെ ബലപ്രയോഗത്തിലൂടെയാണ് അരുൺ തന്നെയാണു പ്രതിയെ പിടികൂടിയത്.

യുവനടൻ ധീരജ് ഡെന്നി വിവാഹിതനായി; വധു ആൻമരിയ, ചടങ്ങിൽ തിളങ്ങി ടൊവിനോ

2007ൽ സിവിൽ പൊലീസ് ഓഫിസറായി സർവീസിൽ പ്രവേശിച്ച അരുൺ കുമാർ 12 വർഷത്തെ സേവനത്തിനു ശേഷം 2019ൽ എസ്‌ഐ പരീക്ഷയിൽ വിജയിച്ചു. അഗളി, ചെങ്ങന്നൂർ, പുതുക്കാട് എന്നിവിടങ്ങളിൽ പ്രായോഗിക പരിശീലനം പൂർത്തിയാക്കി 2021 നവംബറിലാണ് ആലപ്പുഴ നൂറനാട് സ്റ്റേഷനിൽ എസ്‌ഐ ആയി ചാർജെടുത്തത്. തിരുവനന്തപുരം മലയിൻകീഴ് സ്വദേശിയാണ്.