മാധ്യമ മുതലാളി റുപ്പർട്ട് മർഡോക്കും ഭാര്യയും നടിയുമായ ജെറി ഹാളും വിവാഹബന്ധം അവസാനിപ്പിക്കുന്നു. 91-കാരനായ മർഡോക്കും 65-കാരിയായ ജെറിയും 2016-ലാണ് വിവാഹിതരായത്. മർഡോക്കിന്റെ നാലാമത്തെ വിവാഹം കൂടിയായിരുന്നു ഇത്. ഈ പ്രായത്തിൽ ഇരുവരും വേർപിരിയാൻ പോകുന്നുവെന്ന വാർത്ത ബന്ധുക്കളിലും സുഹൃത്തുക്കളിലും അമ്പരപ്പാണ് ഉണ്ടാക്കിയിരിക്കുന്നത്.
ലോകത്തെ ഏറ്റവും ഭാഗ്യവാനും സന്തോഷവാനുമായ മനുഷ്യൻ താനാണെന്ന് മർഡോക് ജെറിയുമായുള്ള വിവാഹത്തിന് ശേഷം ട്വീറ്റ് ചെയ്തിരുന്നു. 90-ാം പിറന്നാൾ സന്തോഷത്തോടെ ആഘോഷിച്ചതും ജെറിയോടൊപ്പമായിരുന്നു. റോക്ക് താരം മൈക്ക് ജാഗറുടെ കാമുകിയായിരുന്നു ജെറി ഹാൾ. 20 വർഷം നീണ്ട ബന്ധം 1999-ൽ പിരിഞ്ഞു.
ഇവർക്ക് നാല് മക്കളാണുള്ളത്. പിന്നീട് മർഡോക്കുമായി പ്രണയത്തിലാകുകയായിരുന്നു. ഓസ്ട്രേലിയയിൽ ജനിച്ച, യുഎസ് പൗരനായ മർഡോകിന് ആദ്യ മൂന്നു ഭാര്യമാരിൽ ആറ് മക്കളുണ്ട്. പെട്രിഷ്യ ബുക്കർ, അന്ന മാൻ, വെൻഡി ഡെങ്ങ് എന്നിവരായിരുന്നു ആദ്യ ഭാര്യമാർ. ഇതിൽ 14 വർഷത്തെ ദാമ്പത്യത്തിന് ശേഷമാണ് വെൻഡി ഡെങ്ങുമായി വേർപിരിഞ്ഞത്.
2014-ലായിരുന്നു ഇത്. പിന്നീട് രണ്ടു വർഷത്തിന് ശേഷം മർഡോക് ജെറി ഹാളിനെ വിവാഹം ചെയ്യുകയും ചെയ്തു. ഫോക്സ് ന്യൂസ്, വാൾ സ്ട്രീറ്റ് ജേണൽ, സൺ നെറ്റ് വർക്ക്, ദ ടൈംസ് തുടങ്ങി നിരവധി മാധ്യമ സ്ഥാപനങ്ങളുടെ അധിപനാണ് മർഡോക്.