പത്തിരിപ്പാല: അയൽവീട്ടിലെ വളർത്തുനായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന കോളേജ് വിദ്യാർഥിനി മരിച്ചത് കുടുംബത്തിനും നാട്ടുകാർക്കും ഞെട്ടൽ. മങ്കര മഞ്ഞക്കര പടിഞ്ഞാറക്കര വീട്ടിൽ സുഗുണന്റെ മകൾ ശ്രീലക്ഷ്മി (19)യാണ് മരണപ്പെട്ടത്. നായ കടിച്ചതിനെ തുടർന്ന് മുഴുവൻ വാക്‌സിനുകൾ സ്വീകരിച്ചിട്ടും മരണത്തിന് കീഴടങ്ങിയതാണ് നാട്ടുകാർക്കിടയിൽ ആശങ്ക ഉയർന്നത്.
മേയ് 30-ന് രാവിലെ കോളേജിലേക്ക് പോകുമ്പോഴാണ് ശ്രീലക്ഷ്മിക്ക് സമീപത്തെ വീട്ടിലെ നായയുടെ കടിയേറ്റത്. തുടർന്ന് ആരോഗ്യ വകുപ്പ് നിർദേശിച്ച മുഴുവൻ വാക്സിനുകളും എടുത്തു. തുടർന്നുള്ള ദിവസങ്ങളിൽ കാര്യമായ പ്രശ്നങ്ങളൊന്നും കണ്ടിരുന്നില്ല. ഇതിനു പുറമെ, നായയുള്ള വീട്ടിലെ അയൽവാസിയായ വയോധികയ്ക്കും അന്ന് രണ്ടു തവണ കടിയേറ്റിരുന്നു. അതേസമയം, ഇവർക്ക് കാര്യമായ പ്രശ്നങ്ങളൊന്നും ഇല്ല. എന്നാൽ രണ്ടുദിവസം മുൻപാണ് ശ്രീലക്ഷ്മിക്ക് പേവിഷബാധയുടെ ലക്ഷണങ്ങൾ കണ്ട് തുടങ്ങിയത്.
ഉടൻ തന്നെ മങ്കരയിലെ സ്വകാര്യ ആശുപത്രിയിലും തൃശൂർ മെഡിക്കൽ കോളേജിലും ചികിത്സതേടിയെങ്കിലും വ്യാഴാഴ്ച ശ്രീലക്ഷ്മി മരിച്ചു. സംഭവമറിഞ്ഞ് മങ്കരയിലെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും വീട്ടിലെത്തി അന്വേഷണം ആരംഭിച്ചു. മരിച്ച ശ്രീലക്ഷ്മി കോയമ്പത്തൂർ നെഹ്റു കോളേജിലെ ബി.സി.എ വിദ്യാർഥിനിയാണ്. അമ്മ: സിന്ധു, സഹോദരങ്ങൾ: സിദ്ധാർത്ഥ്, സനത്. അച്ഛൻ സുഗുണൻ ബെംഗളൂരുവിൽ എൻജീനിയറാണ്.