രാജമൗലി സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രം ‘ആർ.ആർ.ആർ ഗേ പ്രണയ കഥയെന്ന് പറഞ്ഞ റസൂൽ പൂക്കുട്ടിക്ക് മറുപടിയുമായി ബാഹുബലി നിർമാതാവ് ശോഭു യാർലഗട. സ്വവർഗപുരുഷപ്രേമികളുടെ കഥയാണെങ്കിൽ എന്താണ് കുഴപ്പമെന്ന് റസൂൽ പൂക്കുട്ടിയുടെ ട്വീറ്റ് റിട്വീറ്റ് ചെയ്ത് ശോഭു യർലഗട ചോദിക്കുന്നു. ‘ആർ.ആർ.ആർ.’ ഒരു ഗേ ലൗ സ്റ്റോറിയാണെന്ന് എനിക്ക് തോന്നുന്നില്ല.
എന്നാൽ ആണെങ്കിൽ പോലും അതിൽ എന്താണ് കുഴപ്പം? അതൊരു മോശം കാര്യമാണോ? എങ്ങിനെയാണ് നിങ്ങൾക്ക് ഇത് വച്ച് സമർഥിക്കാൻ സാധിക്കുന്നത്. നിങ്ങളുടേത് പോലെ ഇത്രയും നേട്ടങ്ങൾ കൊയ്ത ഒരാൾ ഇത്രയും തരം താഴുന്നത് കാണുന്നതിൽ അതിയായ നിരാശയുണ്ട്- ശോഭു യർലഗട കുറിച്ചു.
I don't think @RRRMovie is a gay love story as you say but even if it was, is "gay love story" a bad thing? How can you justify using this ? Extremely disappointed that someone of your accomplishments can stoop so low! https://t.co/c5FmDjVYu9
— Shobu Yarlagadda (@Shobu_) July 4, 2022
ചിത്രത്തെ മാലിന്യമെന്ന് വിശേഷിപ്പിച്ച മുനീഷ് ഭരദ്വാജിന്റെ ട്വീറ്റിന് മറുപടിയായി ‘ആർ.ആർ.ആർ.’ ഒരു ഗേ (സ്വവർഗ പുരുഷപ്രേമികളുടെ) ചിത്രമെന്നാണ് റസൂൽ പൂക്കുട്ടി പറഞ്ഞത്. കൂടാതെ നായിക ആലിയ ഭട്ടിന്റെ കഥാപാത്രത്തെ കാഴ്ച്ചവസ്തുവായി വിശേഷിപ്പിക്കുകയും ചെയ്തു. പിന്നാലെ വൻ പ്രതിഷേധമാണ് റസൂൽ പൂക്കുട്ടിക്ക് നേരെ ഉയർന്നത്. രാജമൗലിയുടെ തന്നെ ‘ബാഹുബലി’ ആദ്യഭാഗവും രണ്ടാംഭാഗവും നിർമിച്ചത് ശോഭു യർലഗടയാണ്. ‘വേദം’ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം നിർമാണരംഗത്തെത്തിയത്.
ഓ.ടി.ടിയിൽ റിലീസായ ശേഷം സിനിമ കണ്ട ചില വിദേശികൾ ഇത് ഗേ ചിത്രമാണെന്ന് അഭിപ്രായപ്പെട്ടത് വാർത്തയായിരുന്നു. ജൂനിയർ എൻ.ടി.ആറിന്റെയും രാം ചരണിന്റെയും കഥാപാത്രങ്ങൾ സ്വവർഗാനുരാഗികൾ ആണെന്നാണ് അവർ വിലയിരുത്തിയത്. ഈ പരാമർശങ്ങളെ ശരിവെയ്ക്കുന്നതായിരുന്നു റസൂൽ പൂക്കുട്ടിയുടെ അഭിപ്രായ പ്രകടനവും.