തൃശൂർ: കുട്ടികൾക്ക് മുന്നിൽ നഗ്‌നതാ പ്രദർശനം നടത്തിയ സംഭവത്തിൽ മലയാള നടൻ ശ്രീജിത്ത് രവിക്കു ജാമ്യമില്ല. താരത്തെ 14 ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്തു. തന്റെ മാനസികമായുള്ള രോഗത്തിന്റെ ഭാഗമാണെന്ന് വാദിച്ചെങ്കിലും അവയെല്ലാം തള്ളിയാണ് നടന്റെ ജാമ്യം നിഷേധിച്ചത്. തൃശൂർ അഡിഷൻ സെഷൻസ് കോടതിയാണ് ഉത്തരവിട്ടത്.
ശ്രീജിത്ത് രവിക്കു ജാമ്യം നൽകരുതെന്ന് പോലീസ് കോടതിയിൽ അറിയിച്ചിരുന്നു. പ്രതി മുൻപും സമാന കുറ്റം ചെയ്തിട്ടുണ്ടെന്നും ജാമ്യം തെറ്റായ സന്ദേശം നൽകുമെന്നും പൊലീസ് വ്യക്തമാക്കി. നടന് സൈക്കോതെറപ്പി ചികിത്സ നൽകുന്നുണ്ടെന്ന്് പ്രതിഭാഗം കോടതിയെ അറിയിച്ചു. എന്നാൽ ഇതെല്ലാം കോടതി തള്ളിക്കളയുകയായിരുന്നു. കേസിൽ വ്യാഴാഴ്ച രാവിലെയാണ് ശ്രീജിത്ത് രവിയെ തൃശൂർ വെസ്റ്റ് പോലീസ് അറസ്റ്റു ചെയ്തത്.
കുട്ടികൾ നൽകിയ പരാതിയിൽ പൊലീസ് പോക്‌സോ കേസ് നേരത്തെ രജിസ്റ്റർ ചെയ്തിരുന്നു. തൃശൂരിലെ അയ്യന്തോൾ എസ്.എൻപാർക്കിൽ വച്ച് ജൂലൈ 4ന് വൈകിട്ടാണ് സംഭവുണ്ടായത്. 14, 9 വയസുള്ള കുട്ടികൾക്കു മുന്നിലാണ് പ്രതി നഗ്നതാ പ്രദർശനം നടത്തിയത്. രണ്ടാം വട്ടവും കുറ്റം ആവർത്തിച്ചപ്പോഴാണ് കുടുംബം പോലീസിനെ സമീപിച്ചതെന്ന് റിപ്പോർട്ട് ഉണ്ടായിരുന്നു. പാർക്കിനു സമീപമുള്ള സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്. ആളെ പരിചയമുണ്ടെന്ന് കുട്ടികൾ പൊലീസിനോട് പറഞ്ഞിരുന്നു. ഇയാളുടെ കാറിന്റെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പിടിയിലായത്. സമാനമായ കേസിൽ മുൻപ് പാലക്കാട്ട് നിന്നും ശ്രീജിത്ത് രവി അറസ്റ്റിലായിട്ടുണ്ട്.