ജീവിതത്തിൽ കൃത്യമായി ഒരു വരുമാനം എന്നത് ഏതൊരാളുടെയും സ്വപ്നമാണ്. പഠിച്ചിറങ്ങുന്ന ഉടനെ ജോലി ലഭിക്കുന്നത് ഭാഗ്യം തുണയ്ക്കുമ്പോഴാണ്. എന്നാൽ പഠിച്ചിറങ്ങിയിട്ടും ഒരു ജോലിയും ലഭിക്കാതെ അലഞ്ഞു തിരിയുന്ന യുവാക്കളും ഒരുപാട് ഉണ്ട്.
അത്തരത്തിൽ ഒരാളായിരിക്കുകയാണ് ഐസക് ഖ്വാമേ അഡ്‌സേ എന്ന ബിരുദധാരി. തന്റെ വിദ്യാഭ്യാസ യോഗ്യതയും ഫോൺ നമ്പറും എഴുതിയ പ്ലക്കാർഡുമായി റോഡരികിൽ നിന്ന് തൊഴിലിനായി യാചിക്കുന്ന ഐസകിന്റെ ചിത്രം നിമിഷ നേരംകൊണ്ട് വൈറലായി.
ഇതോടെ ആ വെയിലത്തുള്ള നിൽപ്പിന് ഫലവുമുണ്ടായി. അമ്പതോളം കമ്പനികൾ ആണ് ജോലി വാഗ്ദ്ധാനം ചെയ്ത് ഐസകിനെ വിളിച്ചത്. ‘ഘാന യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബിഎസ്സി മറൈൻ സയൻസിൽ ബിരുദം നേടിയ വ്യക്തിയാണ് ഞാൻ. ഒരുപാട് സ്ഥലത്ത് ജോലിക്ക് ശ്രമിച്ചെങ്കിലും ഒന്നും കിട്ടിയില്ല. ഇതോടെയാണ് പ്ലക്കാർഡുമായി റോഡിലേക്കിറങ്ങിയത്. ഇതുകണ്ട് പലരും പരിഹസിച്ചു. ഇതോടെ ആദ്യം നിന്ന സ്ഥലത്തു നിന്ന് മറ്റൊരു സ്ഥലത്തേക്ക് മാറി.
അവിടെ നിന്ന് മികച്ച പിന്തുണയാണ് ലഭിച്ചത്. ഉറപ്പായും ജോലി കിട്ടുമെന്ന് ആളുകൾ ആശ്വസിപ്പിച്ചു. ഏതായാലും ഒന്നര മണിക്കൂറോളം വെയിൽകൊണ്ടത് വെറുതേയായില്ല. എനിക്ക് ജോലി കിട്ടി. അതിലും വലിയ സന്തോഷമില്ല.’ഐസക് പ്രതികരിച്ചു.