കരിക്ക് കുടിക്കാൻ മാത്രമല്ല ആസ്വാദനത്തിനും മികച്ചതാണെന്ന് അറിയിച്ചു തന്നവരിൽ പ്രധാനിയാണ് ജോർജ് എന്ന കഥാപാത്രത്തെ അനശ്വരമാക്കിയ നടൻ അനു കെ അനിയൻ. തേരാപാരാ എന്ന വെബ്‌സീരിയസ് ആണ് തുടക്കം. അവിടെ നിന്നങ്ങോട്ട് കരിക്കിന്റെ ഓരോ എപ്പിസോഡിനുമായി മഴ കാത്തിരിക്കുന്ന വേഴാമ്പലിനെ പോലെ കാത്തിരിക്കയാണ് ആരാധകർ. ഇപ്പോൾ തന്റെ സ്വപ്‌നം യാഥാർത്ഥ്യമാക്കിയെന്ന് അറിയിച്ച് പുതിയ സന്തോഷം ആരാധകരോട് പങ്കുവെച്ചിരിക്കുകയാണ് അനു കെ അനിയൻ.
‘ചില സ്വപ്നങ്ങൾ യാഥാർഥ്യമാകുമ്പോഴാണ് അറിയുന്നത് ആ സ്വപ്നങ്ങൾക്ക് നമ്മളോളം പ്രായമുണ്ടായിരുന്നു എന്ന്’ എന്ന കുറിപ്പോടെ പുതിയ കാർ വാങ്ങിയ വിവരം താരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ട്. കിയയുടെ ചെറു എസ്‌യുവി സോണറ്റാണ് അനുവിന്റെ ആദ്യ കാർ.
സോണറ്റിന്റെ ഏതു വകഭേദമാണ് അനു വാങ്ങിയതെന്ന് വ്യക്തമല്ല. മൂന്ന് എൻജിൻ ഓപ്ഷനോടു കൂടിയാണ് സോണറ്റ് വിപണിയിലെത്തിയത്. ഒരു ലീറ്റർ ടർബോ പെട്രോൾ, 1.2 ലീറ്റർ പെട്രോൾ, 1.5 ലീറ്റർ ഡീസൽ. ഒരു ലീറ്റർ ടർബോ പെട്രോൾ എൻജിന് 117 ബി എച്ച് പി കരുത്തും 172 എൻ എം ടോർക്കും സൃഷ്ടിക്കാനാവും. ഇരട്ട ക്ലച് ഓട്ടമാറ്റിക് ട്രാൻസ്മിഷനാണ് ഈ എൻജിനു കൂട്ട്.