ശരീരത്തിൽ ഇഷ്ടമുള്ള ഇടത്ത് ടാറ്റൂ ചെയ്യുന്നത് ഇന്ന് ജീവിതത്തിന്റെ ഭാഗം എന്ന പോലെയാണ്. സെലിബ്രിറ്റികൾ മുതൽ സാധാരണക്കാരൻ വരെ ടാറ്റൂ ചെയ്യാറുണ്ട്. എന്നാൽ ശരീരത്തിന്റെ 99 ശതമാനം ടാറ്റൂ അടിച്ചവർ കുറവായിരിക്കും. എന്നാൽ പ്രായം ഏറെ പിന്നിട്ടിട്ടും ശരീരത്തിന്റെ 99 ശതമാനം ടാറ്റൂ ചെയ്ത് ലോക റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് ഒരു വായോധിക.
69കാരിയായ ഷാർലറ്റ് ഗുട്ടൻബർഗ് ആണ് ഏവരെയും ഞെട്ടിച്ചിരിക്കുന്നത്. ഫ്‌ലോറിഡ സ്വദേശിയായ ഷാർലറ്റ് 2015ലാണ് ശരീരത്തിന്റെ ഭൂരിഭാഗവും ടാറ്റൂ ചെയ്ത പ്രായമുള്ള വനിത എന്ന നിലയിൽ ഗിന്നസ് ലോക റെക്കോർഡിൽ ഇടം നേടിയത്. അന്ന് ശരീരത്തിന്റെ 91 ശതമാനവും ഷാർലറ്റ് ടാറ്റൂ ചെയ്തിരുന്നു. ഇപ്പോൾ ശരീരത്തിന്റെ 99 ശതമാനവും ടാറ്റൂ ചെയ്ത നിലയിലാണ്.
ശരീരത്തിൽ ടാറ്റൂ ചെയ്യുന്ന കാര്യത്തിൽ ഷാർലറ്റിന്റെ പങ്കാളി ചക്ക് ഹെൽമ്‌കെ പിറകിലല്ല. 2018ൽ ശരീരം മുഴുവൻ ടാറ്റൂ ചെയ്ത ലോകത്തിലെ ഏറ്റവും പ്രായമുള്ള പുരുഷനായി ഹെൽമ്‌കെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. മൂന്നു വർഷങ്ങൾക്കിപ്പുറവും ഷാർലറ്റ് തന്റെ ശരീരത്തിലെ ടാറ്റൂ പരീക്ഷണം നിർത്തിയിട്ടില്ല. ബാക്കി വരുന്ന ഭാഗം കൂടി അവർ ടാറ്റൂ ചെയ്തു.
ഇപ്പോൾ ശരീരത്തിൽ ഏറ്റവും കൂടുതൽ ഭാഗങ്ങളിൽ ടാറ്റൂ ചെയ്ത വയോധിക മാത്രമല്ല ഷാർലറ്റ്. ശരീരം മുഴുവൻ ടാറ്റൂ ചെയ്ത ജീവിച്ചിരിക്കുന്ന ഏക വനിത എന്ന ബഹുമതി കൂടി ഷാർലറ്റിനെ തേടിയെത്തി. മുഖവും കൈപ്പത്തിയിലെ ചെറിയ ഭാഗവും ഒഴിച്ചാൽ ശരീരം മുഴുവൻ ടാറ്റൂ ചെയ്തതായി ഷാർലറ്റ് വെളിപ്പെടുത്തി. അമ്പതാം വയസ്സിലാണ് ആദ്യത്തെ ടാറ്റൂ ചെയ്യുന്നത്.
ഈ സമയത്താണ് ചക്കിനെ കണ്ടുമുട്ടുന്നത്. പിന്നീട് ഇരുവരും ചേർന്നാണ് ടാറ്റൂ ചെയ്തത്. ഈ പ്രായത്തിൽ ശരീരം മുഴുവൻ ടാറ്റൂ ചെയ്തതിന് വലിയ രീതിയിലുള്ള വിമർശനങ്ങൾ നേരിടേണ്ടി വന്നിരുന്നതായും ഷാർലറ്റ് പറഞ്ഞു.