വ്യത്യസ്തവും വളരെ രസകരവുമായ ചിത്രങ്ങളും ദൃശ്യങ്ങളുമാണ് സമൂഹിക മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. ഫിലിപ്പൈൻസുകാരനായ റെയ്മണ്ട് ഫോർചുനാഡോ പങ്കുവെച്ച ചിത്രങ്ങളാണ് വൈറലാകുന്നത്. വ്യത്യസ്തമായ രീതിയിലുള്ള വിനോദയാത്രയുടെ ചിത്രമാണ് റെയ്മണ്ട് പങ്കുവെച്ചിരിക്കുന്നത്. ഭാര്യ ജൊവാൻ ഫോർചുനാഡോയ്ക്കൊപ്പം യാത്ര ചെയ്യാനായിരുന്നു റേയ്മണ്ട് ആദ്യം പദ്ധതി തയ്യാറാക്കിയിരുന്നത്.
ഫിലിപ്പൈൻസിലെ വിനോദസഞ്ചാര കേന്ദ്രമായ പലവാൻ പ്രവിശ്യയിലെ കൊറോണിലേക്കായിരുന്നു ഇരുവരും യാത്ര തീരുമാനിച്ചിരുന്നത്. ഇരുവരും ഇതിനായി തയ്യാറെടുപ്പുകളും നടത്തി. എന്നാൽ മോഡലായ ജൊവാന് അവസാന നിമിഷം ജോലിത്തിരക്ക് മൂലം യാത്ര ഒഴിവാക്കേണ്ടതായി വന്നു. ഇതോടെ ഏറെ കാത്തിരുന്ന യാത്രയിൽ റെയ്മണ്ട് തനിച്ചായി.
തയ്യാറെടുപ്പുകളെല്ലാം പൂർത്തിയായതിൽ യാത്ര ഉപേക്ഷിച്ചില്ല. എന്നാൽ ജൊവാന്റെ അസാന്നിധ്യം തന്നെ സങ്കടപ്പെടുത്തുമെന്ന് തോന്നി യതോടെ ഭാര്യയുടെ മുഖം പ്രിന്റ് ചെയ്ത തലയണ റെയ്മണ്ട് കൂടെ കൂട്ടുകയായിരുന്നു. വെള്ളത്തിൽ മുങ്ങുമ്പോഴും ഷോപ്പിങ്ങിന് പോകുമ്പോഴുമെല്ലാം റെയ്മണ്ട് തലയണ കൈവിടാതെ പിടിച്ചിട്ടുണ്ട്. ചില സ്ഥലങ്ങളിൽവെച്ച് തലയണ ഉൾപ്പെടെയുള്ള ഗ്രൂപ്പ് ഫോട്ടോയും എടുത്തിട്ടുണ്ട്.
എല്ലാ സ്ഥാലത്തും ഭാര്യയുടെ സാന്നിധ്യം അനുഭവപ്പെടാനാണ് ഇത്തരത്തിൽ, ഫോട്ടോ എടുത്തതെന്ന് റെയ്മണ്ട് പറയുന്നു. യാത്ര കഴിഞ്ഞു തിരിച്ചെത്തിയപ്പോൾ റെയ്മണ്ടിനെ സ്വീകരിക്കാൻ ഭാര്യ വിമാനത്താവളത്തിലെത്തി. ഇരുവരും ഈ തലയിണയ്ക്കൊപ്പം ഫോട്ടോ എടുക്കുകയും ചെയ്തു. ‘നീ എന്നെ കരയിപ്പിച്ചു. ഇപ്പോൾ എന്റെ സങ്കടം മാറി. എന്നെ പിന്തുടരുന്നതിന് നന്ദി’ എന്ന കുറിപ്പോടെ ഈ ചിത്രങ്ങളെല്ലാം റെയ്മണ്ട് ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.