കോട്ടയം: കോട്ടയം നഗരത്തിലെ ആകാശ നടപ്പാത എന്തിനെന്ന ചോദ്യമാണ് പലരുടെയും മനസുകളിൽ ഓടിയെത്തുന്നത്. കാരണമാകട്ടെ പണിപൂർത്തിയാകാതെ വർഷങ്ങളോളം കിടക്കുന്നത് കണ്ടാണ് ജനങ്ങളുടെ മനസിൽ ഈ ചോദ്യം ഉയർന്നത്. എന്നാൽ, ഇപ്പോൾ ആകാശപ്പാതയ്ക്ക് കീഴിൽ നടത്തിയ കിടിലൻ വെഡിംഗ് ഫോട്ടോഷൂട്ട് ആണ് വൈറലാകുന്നത്.
കോട്ടയം താഴത്തങ്ങാടി സ്വദേശികളായ ഹാരിഷ്, ഷെറീന ജോഡികളുടെ പോസ്റ്റ് വെഡ്ഡിങ് ഫോട്ടോഷൂട്ടാണ് ശ്രദ്ധ നേടുന്നത്. കോട്ടയം നഗരത്തിൽ വർഷങ്ങളായി പണി പൂർത്തിയാകാതെ കിടക്കുന്ന ആകാശ നടപ്പാതയാണ് ഫോട്ടോഷൂട്ടിന്റെ പ്രമേയം. പണി പൂർത്തിയാകാതെ കിടക്കുന്നത് കാരണം ‘നഗരഹൃദയത്തിലെ പടവലം പന്തൽ’ എന്നാണ് ട്രോളന്മാർ പാതയെ വിശേഷിപ്പിക്കുന്നത്.
വാർത്തകളിലും ട്രോളുകളിലും നിരന്തരം വിഷയമാകാറുള്ള ആകാശ നടപ്പാതക്ക് കീഴിൽ മുമ്പും ഇത്തരത്തിൽ ഷൂട്ടുകൾ നടന്നിട്ടുണ്ട്. ലെൻസ്ഔട്ട് മീഡിയയാണ് ചിത്രങ്ങൾ തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടത്. ‘ഇതുകൊണ്ട് ഇങ്ങനെയെങ്കിലും ഒരു പ്രയോജനമുണ്ടാകട്ടെ,’ എന്നാണ് ഫോട്ടോക്ക് താഴെ വരുന്ന ചില കമന്റുകൾ.