ഭർത്താവിന്റെ അപ്രതീക്ഷിത വിയോഗത്തിന് ശേഷം ആദ്യമായി സാമൂഹിക മാധ്യമങ്ങളിൽ മുഖം കാണിച്ച് മലയാളികളുടെ പ്രിയതാരം മീന. പ്രിയപ്പെട്ട ചങ്ങാതികൾക്കൊപ്പമാണ് മീന പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പ്രതിസന്ധികളിൽ കരുത്താവാനും വീണു പോവുമ്പോൾ താങ്ങാവാനും മുന്നോട്ട് നടക്കാനുള്ള പ്രത്യാശ സമ്മാനിക്കാനുമൊക്കെ നല്ല ചങ്ങാത്തങ്ങൾക്ക് സാധിക്കും. അതിന് തെളിവാണ് നടി മീനയുടെ മുഖത്തെ പുഞ്ചിരി.
മീനയ്ക്ക് കരുത്തായി, സ്‌നേഹമായി കൂടെ നിൽക്കുന്നത് ഉറ്റചങ്ങാതിമാരും നടിമാരുമായ ഖുശ്ബു, രംഭ, സംഗീത ക്രിഷ് എന്നിവരാണ്. കഴിഞ്ഞ ദിവസമാണ് സൗഹൃദ ദിനത്തിൽ മീനയെ കാണാനായി ഈ കൂട്ടുകാരികൾ താരത്തിന്റെ വീട്ടിലെത്തിയത്. ഇപ്പോഴിതാ, നടനും കൊറിയോഗ്രാഫറുമായ പ്രഭുദേവയുടെ വീട്ടിലൊരുക്കിയ പാർട്ടിയിൽ ഒത്തുകൂടിയിരിക്കുകയാണ് ഈ നടിമാർ. ആ ഒത്തുചേരലിനിടെ പകർത്തിയ ചിത്രങ്ങളാണ് നടി രംഭ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്.
ജൂൺ 28നാണ് തെന്നിന്ത്യൻ താരം മീനയുടെ ഭർത്താവും സോഫ്റ്റ്വെയർ എൻജിനീയറുമായ വിദ്യാസാഗർ അന്തരിച്ചത്. ശ്വാസകോശത്തിലെ ഗുരുതരമായ അണുബാധയെ തുടർന്നായിരുന്നു വിദ്യാസാഗർ വിടപറഞ്ഞത്. 2009 ജൂണിലാണ് മീനയും വിദ്യാസാഗറും വിവാഹിതരായത്. ഇരുവരുടെയും മകളാണ് നൈനിക. തെരി എന്ന ചിത്രത്തിൽ വിജയ്യുടെ മകളായി അഭിനയിച്ചത് നൈനികയാണ്.